ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് കോവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് ആഹ്വാനം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്ന് മാസം പിന്നിടുമ്പോഴും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രി സമ്പൂര്‍ണമായി പരാജയമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദേഹം അഭിപ്രായപ്പെട്ടു.
രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ക്കും നിസാര രാഷ്ട്രീയത്തിനും മാത്രം മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി കോവിഡ് കാലത്തിന് സമാനമായ ജാഗ്രത ആവശ്യമാണെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പ്രധാനമായും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗത്തില്‍ പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കാര്‍പൂളിങ് പോലുള്ള സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദേഹം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് കെ.സി രംഗത്തെത്തിയത്.