മിയാമി: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകളെയും പീഡനങ്ങളെയും അതിജീവിച്ച് യുവ സെമിനാരി വിദ്യാർത്ഥി ക്രിസ്റ്റ്യൻ ഡേവിഡ് മെൻഡിയേറ്റ ഹെർണാണ്ടസ് വൈദികപട്ടം സ്വീകരിച്ചു. ഇന്നലെ മിയാമിയിലെ സെന്റ് മേരി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കിയിൽ നിന്നാണ് അദേഹം പൗരോഹിത്യം സ്വീകരിച്ചത്.
നിക്കരാഗ്വേൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തുന്ന കടുത്ത അടിച്ചമർത്തലുകളുടെ ഇരയായിരുന്നു ക്രിസ്റ്റ്യൻ. സഭയിലെ ഭരണകൂട വിമർശകനായ ബിഷപ്പ് സിൽവിയോ ബേസിനൊപ്പം പ്രവർത്തിച്ചിരുന്നതിനാൽ അദേഹം നിരന്തരം വേട്ടയാടപ്പെട്ടു.
2019 ൽ ജീവൻ സംരക്ഷിക്കാനായി ക്രിസ്റ്റ്യൻ നിക്കരാഗ്വേയിൽ നിന്ന് പലായനം ചെയ്തു. ആദ്യം ഗ്വാട്ടിമാലയിലും പിന്നീട് കോസ്റ്റാറിക്കയിലും അഭയം തേടി. മിയാമിയിലെത്തിയ അദേഹം മിയാമി അതിരൂപതയുടെയും ബിഷപ്പ് ബേസിന്റെയും സഹായത്തോടെ വൈദിക പഠനം പൂർത്തിയാക്കി.
പൗരോഹിത്യ സ്വീകരണത്തിന് ശേഷം സംസാരിച്ച ഫാ. മെൻഡിയേറ്റ വൈകാരികമായാണ് പ്രതികരിച്ചത്. തന്റെ പ്രഥമ ദിവ്യബലി നിക്കരാഗ്വേയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും രാഷ്ട്രത്തിനുമായി സമർപ്പിക്കുമെന്ന് അദേഹം പറഞ്ഞു.
"ഞാൻ ഇപ്പോഴും എന്റെ ജനത്തെയും നാടിനെയും ഹൃദയത്തിൽ വഹിക്കുന്നു. പ്രവാസ ജീവിതത്തിലും എന്റെ ദൈവവിളി പൂർത്തിയാക്കാൻ സഹായിച്ച മിയാമി അതിരൂപതയോട് കടപ്പെട്ടിരിക്കുന്നു." വൈദികൻ കൂട്ടിച്ചേർത്തു.