പിലാക്കല്‍: മലപ്പുറത്ത് ശക്തമായ മഴയെത്തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ വീടിന് സമീപത്തെ തോട്ടില്‍ വീണ് മരിച്ചു. പൂക്കോട്ടൂര്‍ പിലാക്കലില്‍ സഹോദരങ്ങളുടെ മക്കളായ ഫൗസാന്‍ (4), ആദില്‍ ഫിറാഷ് (7) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്.
കീഴ്‌ശേരി സ്വദേശി അബ്ദുല്‍ ജലീലിന്റെ മകനാണ് ഫൗസാന്‍, മേല്‍മുറി സ്വദേശി അഫ്‌സല്‍ അലിയുടെ മകനാണ് ആദില്‍ ഫിറാഷ്.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറത്ത് ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് തോട്ടില്‍ വെള്ളം കൂടുതലായിരുന്നു. കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വേനല്‍മഴ ശക്തമായ സാഹചര്യത്തില്‍ ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.