തായ്‌ലന്‍ഡിലെ കഫേയില്‍വെച്ച് നാല് ഇന്ത്യന്‍ സഞ്ചാരികള്‍ ബോധരഹിതരായി, ഒരാള്‍ മരിച്ചു

തായ്‌ലന്‍ഡിലെ കഫേയില്‍വെച്ച് നാല് ഇന്ത്യന്‍ സഞ്ചാരികള്‍ ബോധരഹിതരായി, ഒരാള്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ കഫേയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ നാല് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ബോധരഹിതരായി. അതില്‍ ഒരാള്‍ മരിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തായ്‌ലന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ത്യക്കാരനായ യുവാവിന്റെ മരണം.

ഫുക്കറ്റിലെ ഒരു കഫേയില്‍വെച്ചാണ് ഇന്ത്യക്കാരായ നാല് വിനോദസഞ്ചാരികള്‍ ബോധരഹിതരായി വീണതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സംഭവത്തില്‍ തായ്‌ലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും എംബസി അധികൃതര്‍ പറഞ്ഞു.

അതേസമയം മരിച്ചയാളുടെ പേര് വിവരങ്ങളോ മരണകാരണമോ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ എംബസി പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അഞ്ച് ഇന്ത്യന്‍ സഞ്ചാരികള്‍ കഫേയില്‍ എത്തിയതെന്നാണ് ഇവിടത്തെ സുരക്ഷാ ജീവനക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഒന്നിന് പിറകെ ഒന്നായി നാല് പേരും ബോധരഹിതരായത്.

ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലിരിക്കെയാണ് ഇതില്‍ ഒരാളുടെ മരണം സംഭവിച്ചത്. മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.