വത്തിക്കാൻ സിറ്റി: ഒരിക്കലും അവസാനിക്കാത്തതും നിരുപാധികവുമായ സ്നേഹത്താലാണ് യേശു നമ്മെ സ്നേഹിക്കുന്നതെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. നമ്മോടുള്ള അവിടത്തെ സ്നേഹമാണ് നമ്മിൽ സ്നേഹം ജനിപ്പിക്കുന്നതും മറ്റുള്ളവരെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
വത്തിക്കാനിൽ ഞായറാഴ്ച ത്രികാലജപ പ്രാർഥനയോടനുബന്ധിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ. 'ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളിൽ കർത്താവ് നമ്മെ തനിച്ചാക്കുകയില്ല' എന്ന് പാപ്പാ വിശ്വാസികൾക്ക് ഉറപ്പുനൽകി. യോഹന്നാൻ്റെ സുവിശേഷത്തിൽ നിന്നുള്ള ആ ദിവസത്തെ വായനയെ ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകൾ പങ്കുവച്ചത്.
'നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്‍പന പാലിക്കും. (യോഹന്നാന്‍ 14 : 15) അന്ത്യ അത്താഴവേളയിൽ യേശു തൻ്റെ ശിഷ്യന്മാരോട് അരുളിച്ചെയ്ത ഈ വാക്കുകൾ, കൽപനകൾ പാലിക്കുന്നതു മൂലമാണ് നാം സ്നേഹിക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണയിൽനിന്ന് നമ്മെ മോചിപ്പിക്കുന്നു. നേരെ മറിച്ച്, ദൈവം നമ്മെ സ്നേഹിക്കുന്നതിനാലാണ് കൽപനകൾ പാലിക്കാൻ നമുക്ക് സാധിക്കുന്നതെന്നും നമ്മുടെ നീതിനിഷ്ഠ ദൈവസ്നേഹത്തിൻ്റെ മുൻകൂർ വ്യവസ്ഥയാകുന്നില്ലെന്നും പാപ്പാ വ്യക്തമാക്കി.
ക്രിസ്തു ലോകത്തിന് വെളിപ്പെടുത്തിയതുപോലെ, ദൈവത്തിൻ്റെ സ്നേഹം തിരിച്ചറിയുമ്പോഴാണ് അവിടത്തെ കല്പനകൾ നാം യഥാർത്ഥത്തിൽ പാലിക്കുന്നത് - ലിയോ പാപ്പാ വിശദീകരിച്ചു. അതിനാൽ യേശുവിൻ്റെ കല്പനകൾ ഒരു സ്നേഹബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള ക്ഷണമാണ്, ഭീഷണിയോ അന്ത്യശാസനമോ അല്ല.
യേശുവിൻ്റെ സ്നേഹം നമ്മിലും സ്നേഹം ജനിപ്പിക്കുന്നു
ഇക്കാരണത്താലാണ്, അവിടന്ന് നമ്മെ സ്നേഹിച്ചതുപോലെ നാമും പരസ്പരം സ്നേഹിക്കാൻ കർത്താവ് നമ്മോടു കൽപ്പിക്കുന്നത്. 'യേശുവിൻ്റെ സ്നേഹമാണ് നമ്മിൽ സ്നേഹം ജനിപ്പിക്കുന്നത്' - പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. ക്രിസ്തു തന്നെയാണ് യഥാർത്ഥ സ്നേഹത്തിൻ്റെ മാനദണ്ഡം. എന്നേക്കും വിശ്വസ്തവും സംശുദ്ധവും നിരുപാധികവുമായ സ്നേഹവും അവിടന്നാണ്.
ദൈവം ആദ്യം നമ്മെ സ്നേഹിക്കുന്നു. അതിനാലാണ് നമുക്കും സ്നേഹിക്കാൻ കഴിയുന്നത്. നാം ദൈവത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുമ്പോഴാണ് പരസ്പരം നിർവ്യാജമായി സ്നേഹിക്കാൻ നമുക്ക് കഴിയുന്നത്.
അതിനാൽ,കർത്താവിൻ്റെ കല്പനകൾ കപടമായ സ്നേഹത്തിൽ നിന്ന് നമ്മെ സുഖപ്പെടുത്തുന്ന ഒരു ജീവിതരീതിയും രക്ഷയിലേക്കുള്ള പാതയിലെ ആത്മീയ ജീവിതശൈലിയുമാണ്.
നമ്മോടൊപ്പം വസിക്കുമെന്ന വാഗ്ദാനം
ക്രിസ്തു നമ്മെ സ്നേഹിക്കുന്നതിനാൽ ജീവിതത്തിൻ്റെ പരീക്ഷണഘട്ടങ്ങളിൽ അവിടന്ന് നമ്മെ തനിച്ചാക്കുകയില്ല. അവിടന്ന് ഒരു 'പാരക്‌ലേത്തായെ', അതായത്, അഭിഭാഷകനെ - സത്യാത്മാവിനെ - നമുക്കായി വാഗ്ദാനം ചെയ്യുന്നു. ലോകത്തിൻ്റെ തിന്മകൾക്കു നടുവിലും, എപ്പോഴും എല്ലായിടത്തും, സ്നേഹം തന്നെയായ ദൈവത്തിന് സാക്ഷ്യം വഹിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
സ്നേഹിക്കാനുള്ള ഈ ദൗത്യത്തിനിടയിൽ, നമ്മുടെ ഏറ്റവും മികച്ച പ്രയത്നങ്ങൾക്കുപോലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പാപ്പാ പറഞ്ഞു. ദൈവത്തെ എതിർക്കുന്നവനും മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്നവനും പഴി പറയുന്നവനുമായ 'നുണയുടെ പിതാവിനെ' കുറിച്ച് പാപ്പാ മുന്നറിയിപ്പു നൽകി.
അവസാനമായി നമ്മുടെ കർത്താവിൻ്റെ നിരുപാധികവും നിലനിൽക്കുന്നതുമായ സ്നേഹത്തെപ്രതി നന്ദിയുള്ളവരായിരിക്കണമെന്ന് ലിയോ മാർപാപ്പാ വിശ്വാസികളോട് അഭ്യർത്ഥിച്ചു. അവിടത്തെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിന് നമ്മെത്തന്നെ ഭരമേൽപ്പിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.