തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടില്‍ അയവില്ല. മന്ത്രിസഭയിലേക്കില്ല എന്ന ഉറച്ച നിലപാട് തുടരുന്ന അദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതിനിടെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്ദര്‍ശിക്കാനെത്തും മുന്‍പ് രമേശ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെ.സി വേണുഗോപാല്‍ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. കെ.സിക്കെതിരെ അസൂത്രിത നീക്കം നടന്നെന്നും ഇത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗ്രൂപ്പ് വക്താക്കള്‍ അറിയിച്ചു.
ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചത് അവസാനമാണ്. സതീശന് അനുകൂലമായ തീരുമാനമാണെങ്കില്‍ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു എന്നതടക്കം കെ.സി പക്ഷം ആരോപിക്കുന്നുണ്ട്. ചില നേതാക്കള്‍ പരസ്യമായി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇനിയുള്ള കെ.സി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും. സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടാനാണ് തീരുമാനം. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ അക്കാര്യത്തില്‍ കെ.സിക്ക് നിര്‍ണായക റോള്‍ ഉണ്ടാകും. ഇക്കാര്യം അറിയാവുന്ന വി.ഡി സതീശന്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ വേണുഗോപാല്‍ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.