മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റം അനുകൂല സാഹചര്യമെന്ന് മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റം അനുകൂല സാഹചര്യമെന്ന് മോന്‍സ് ജോസഫ്

ഇടുക്കി: കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ ഭരണ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം സജീവമാക്കി കേരള കോണ്‍ഗ്രസ്. പുതിയ ഡാം നിര്‍മിക്കുന്നതിന് നിലവില്‍ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഒത്തുവന്നിരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. പുതിയ യു.ഡി.എഫ് സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന്റെ മന്ത്രിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അദേഹത്തിന്റെ പ്രതികരണം.

ഇടുക്കിയില്‍ മാധ്യമങ്ങളോട്‌സംസാരിക്കുകയായിരുന്നു അദേഹം.

കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന പുതിയ സര്‍ക്കാരാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ തര്‍ക്കം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും പുതിയ രാഷ്ട്രീയ സാഹചര്യം വഴിതുറക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പുതിയ സര്‍ക്കാരിലെ മന്ത്രി സ്ഥാനങ്ങളെക്കുറിച്ചും വകുപ്പ് വിഭജനത്തെക്കുറിച്ചുമുള്ള പാര്‍ട്ടി നിലപാടും മോന്‍സ് ജോസഫ് വ്യക്തമാക്കി. മുന്നണി മര്യാദകളുടെ ഭാഗമായി തങ്ങള്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനായി വിട്ടുനല്‍കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. ഒന്‍ത് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നുവെങ്കില്‍ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി വിട്ടുവീഴ്ച ചെയ്തവരാണ് തങ്ങള്‍. അതുകൊണ്ട് തന്നെ പുതിയ മന്ത്രിസഭയില്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്കും പ്രധാന വകുപ്പുകള്‍ക്കും കേരള കോണ്‍ഗ്രസിന് പൂര്‍ണ അര്‍ഹതയുണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ അര്‍ഹമായ പരിഗണന മുന്നണിയില്‍ നിന്ന് ലഭിക്കുമെന്ന ശക്തമായ സൂചനയാണ് മോന്‍സ് ജോസഫിന്റെ വാക്കുകള്‍ നല്‍കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.