തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കും.
കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന ഉത്തമ വിശ്വാസത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ ജയിച്ച സാഹചര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രണ്ട് മന്ത്രി സ്ഥാനമില്ലെങ്കില്‍ സ്വീകരിക്കാന്‍ ചില ഫോര്‍മുലകള്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നുവെന്നും ആ ഫോര്‍മുലകളില്‍ രണ്ട് മന്ത്രിസ്ഥാനമല്ല എന്നതുകൊണ്ട് അത് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ അര്‍ഹതയുണ്ട്. കഴിഞ്ഞ യുഡിഎഫ്‌സര്‍ക്കാരില്‍ രണ്ട് മന്ത്രി സ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് സ്ഥാനവുമുള്‍പ്പടെ മൂന്ന് സ്ഥാനങ്ങളുണ്ടായിരുന്നു. ഒന്‍പത് എംഎല്‍എമാര്‍ ആ സമയത്ത് പാര്‍ട്ടിക്കുണ്ടായിരുന്നു. ഇന്ന് ഇടുക്കിയും ഏറ്റുമാനൂരും ഞങ്ങള്‍ മത്സരിച്ചാലും ജയിക്കുമായിരുന്നു. അത് കോണ്‍ഗ്രസിന് കൊടുത്തതാണ്. തികച്ചും ന്യായമായ ആവശ്യമാണ് ഞങ്ങള്‍ ഉന്നയിച്ചതെന്നും മോന്‍സ് പറഞ്ഞു.
അതേസമയം അനൂപ് ജേക്കബിനും മാണി സി. കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. ആദ്യ ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ. ടേം വ്യവസ്ഥയോട് കാപ്പന്‍ അതൃപ്തി വ്യക്തമാക്കിയെങ്കിലും യുഡിഎഫ് നേതൃത്വം നിരാകരിക്കുകയായിരുന്നു.