ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നല്‍കി ട്രംപ്; എഐ നിര്‍മിത ചിത്രവും പുറത്തു വിട്ടു

ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നല്‍കി ട്രംപ്; എഐ നിര്‍മിത ചിത്രവും പുറത്തു വിട്ടു

വാഷിങ്ടണ്‍: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമേല്‍ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതായി സൂചിപ്പിക്കുന്ന ഒരു എഐ നിര്‍മിത ചിത്രവും ട്രംപ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കൊടുങ്കാറ്റുള്ള കടലില്‍ അമേരിക്കന്‍ നാവിക സേനയുടെ കപ്പലില്‍ അഡ്മിറലിനൊപ്പം ട്രംപ് നില്‍ക്കുന്നതാണ് ചിത്രം. പശ്ചാത്തലത്തില്‍ ഇറാനിയന്‍ കപ്പലുകളും മിന്നല്‍പ്പിണരുകളും ദൃശ്യമാണ്.

പശ്ചിമേഷ്യയില്‍ നിലവില്‍ സൈനിക നീക്കങ്ങള്‍ നിലച്ചിരിക്കുന്ന സാഹചര്യത്തെ 'കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഏപ്രില്‍ എട്ടിന് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും ഇറാന്റെ ആക്രമണങ്ങളും സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തങ്ങള്‍ മുന്നോട്ടുവെച്ച 14 ഇന സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ മറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകില്ലെന്ന നിലപാടിലാണ് ഇറാന്‍.

പുതിയ ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും അമേരിക്കയുടെ നീക്കങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.