തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീര്‍, എന്‍.ഷംസുദ്ദീന്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
കാര്യങ്ങളെല്ലാം ഉടന്‍ വ്യക്തമാകുമെന്നും വകുപ്പുകള്‍ പിന്നീട് അറിയാമെന്നും പിഎംഎ സലാം പറഞ്ഞു. ലീഗില്‍ ടേം വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് സലാം മറുപടി നല്‍കിയില്ല.
നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാരെ മാത്രമേ നിശ്ചയിക്കുകയുള്ളൂവെന്നായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നത്. ഇത് പ്രകാരം, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരില്‍ നിന്ന് ഒരാള്‍ മാത്രമേ മന്ത്രിസഭയിലെത്തുകയുള്ളൂവെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍, ഇന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരെയും പരിഗണിച്ചതായാണ് വിവരം. ഇരുവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിമാരുടെ പട്ടികയാണ് സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് നല്‍കിയത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് മൂന്ന് ലീഗ് മന്ത്രിമാരുണ്ടാകും.
അതേസമയം, കാസര്‍കോട് നിയുക്ത എംഎല്‍എ എ.കെ.എം അഷ്‌റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. ഇതു സംബന്ധിച്ച് സംസ്ഥാന ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയതായാണ് വിവരം. മന്ത്രിസഭയുടെ അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.