നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് പരിഭാഷക; കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് പരിഭാഷക; കോടതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസില്‍ അറസ്റ്റിലായ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന സമിതിയിലെ അംഗം മനീഷ മന്ധേരെയെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതായിരുന്നു കോടതിയില്‍ സിബിഐ ഉന്നയിച്ച വാദങ്ങള്‍.

മനീഷ മന്ധേരെ ഒരു സാധാരണ പ്രതിയല്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. സസ്യശാസ്ത്ര, ജന്തുശാസ്ത്ര ചോദ്യ പേപ്പറുകള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ അവര്‍ വിദഗ്ദ്ധയായിരുന്നു. ഇതോടെ യഥാര്‍ത്ഥ ചോദ്യ പേപ്പറുകളിലേക്ക് അവര്‍ക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ഇവര്‍ പരീക്ഷാ സംവിധാനത്തെ മുഴുവന്‍ അട്ടിമറിക്കുകയും വഞ്ചിക്കുകയും ചെയ്തത്.

ഒരു ബയോളജി ലക്ചററായ മന്ധേരെ പൂനെയിലെ മോഡേണ്‍ കോളജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് കൊമേഴ്സിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മുതല്‍ ആറ് വര്‍ഷമായി എന്‍ടിഎയ്ക്ക് വേണ്ടി നീറ്റിനുള്ള ചോദ്യ പേപ്പര്‍ സെറ്റിങില്‍ അവര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ അറിയിച്ചു.

ഈ കുറ്റകൃത്യത്തില്‍ മനീഷ മന്ധേരെ ഒറ്റയ്ക്കായിരുന്നില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായി പി.വി കുല്‍ക്കര്‍ണി, മനീഷ വാഗ്മാരേ എന്നിവരും ഉണ്ടായിരുന്നതായി സിബിഐ വ്യക്തമാക്കി.

മനീഷ മന്ധേരെ തന്റെ കൈവശമുണ്ടായിരുന്ന യഥാര്‍ത്ഥ ചോദ്യ പേപ്പര്‍ ശുഭം എന്ന മറ്റൊരു പ്രതിക്ക് കൈമാറിയതായും അദേഹം അത് കൂടുതല്‍ ആളുകളിലേക്ക് വിതരണം ചെയ്തതായും അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി.

പ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സിബിഐ, രാജ്യത്തുടനീളം ഒരേസമയം റെയ്ഡുകളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് പറഞ്ഞു. ശൃംഖല വളരെ വലുതായതിനാല്‍, അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മനീഷ മന്ധേരെയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്നും സിബിഐ വാദിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.