ജനവിധി യാഥാര്‍ത്ഥ്യമാകുന്നു: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ജനവിധി യാഥാര്‍ത്ഥ്യമാകുന്നു: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിക്ക് പുറമെ പതിനാല് പുതുമുഖങ്ങള്‍ അടക്കം 20 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ, സാമൂഹ്യ, സമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രമുഖ നേതാക്കളുടെ സാന്നിധ്യം പരിഗണിച്ച് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്ഭവന്റെ കര്‍ശന നിര്‍ദേശ പ്രകാരം സത്യപ്രതിജ്ഞാ വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായിരിക്കും ഉണ്ടായിരിക്കുക.

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ പരിചയസമ്പന്നരും യുവരക്തവും ഒരേപോലെ അണിനിരക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, അനൂപ് ജേക്കബ്, എ.പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോണ്‍, ഒ.ജെ ജനീഷ്, കെ.എ തുളസി, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, വി.ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ക്ക് ആദ്യ ദിനം തന്നെ അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങള്‍:

ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: സംസ്ഥാനത്തെ ആശ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

ഇന്ദിര കാന്റീന്‍: കൊച്ചി മാതൃകയില്‍ സംസ്ഥാനമൊട്ടാകെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും.

സൗജന്യ യാത്ര: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും.

കേരളം ഉറ്റുനോക്കുന്ന ഒരു ഭരണ മാറ്റത്തിനാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം വേദിയാകുന്നത്. ചടങ്ങുകള്‍ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.