തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ലോക്ഭവനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഭിന്നത. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ ഉണ്ടാകാവൂ എന്ന ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി തള്ളി. ദേശീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ വേദിയില്‍ തന്നെ ഇരിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പ്രോട്ടോക്കോള്‍ വിഭാഗം ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരൊക്കെ ഉണ്ടാകണം എന്നതിനെച്ചൊല്ലി ലോക്ഭവന്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. ഭരണഘടനാപരമായ ചടങ്ങായതിനാല്‍ വേദിയില്‍ മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ എന്നായിരുന്നു ഗവര്‍ണറുടെ ഓഫീസ് അറിയിച്ചത്.
അതേസമയം ദേശീയ നേതാക്കളെയും വിശിഷ്ട അതിഥികളെയും വേദിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ മന്ത്രിമാര്‍ക്കൊപ്പം ഇവരും വേദിയിലെത്തുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ വിപുലമായ ജനപങ്കാളിത്തത്തോടെയും പ്രമുഖ നേതാക്കളെ വേദിയിലിരുത്തിയും നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മാതൃക കേരളത്തിലും പിന്തുടരണമെന്നാണ് വി.ഡി സതീശന്റെ ആവശ്യം. അതിനാല്‍ തന്നെ ഗവര്‍ണറുടെ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം.
ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സദസിലിരുത്തുന്നത് പ്രോട്ടോക്കോള്‍ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും അവര്‍ വേദിയില്‍ തന്നെയുണ്ടാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.