തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരം ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു.
എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തിട്ടും അവിടെ കേന്ദ്ര നിര്‍ദേശം പാലിക്കപ്പെട്ടില്ല.
എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് ചടങ്ങില്‍ കേന്ദ്ര നിര്‍ദേശം കൃത്യമായി പാലിച്ചു. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം പാടിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രണ്ട് സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പാടിയത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്.
ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് കഴിഞ്ഞ ജനുവരി 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.