ഇസ്ലമാബാദ്: ഇറാന്‍-യു.എസ് സംഘര്‍ഷത്തിനിടെ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്ന നീക്കവുമായി പാകിസ്ഥാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള രഹസ്യ പ്രതിരോധ കരാറിന്റെ ഭാഗമായി ഏകദേശം 8000 സൈനികരെയും യുദ്ധ വിമാനങ്ങളെയും പാകിസ്ഥാന്‍ സൗദി അറേബ്യയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഭാഗത്ത് നിന്നുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സൗദിയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായാണ് പാകിസ്ഥാന്റെ അടിയന്തര വിന്യാസം. അമേരിക്കയ്ക്കും ഇറാനും ഇടയില്‍ പാകിസ്ഥാന്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ടുള്ള പുതിയ നീക്കം. സൗദി അറേബ്യയ്ക്ക് ആണവ സുരക്ഷാ കവചം ഉറപ്പാക്കുന്നതാണ് ഈ പുതിയ സുരക്ഷാ സഹകരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നാവിക കപ്പലുകളെയും സൈനികരെയും മേഖലയില്‍ വിന്യസിച്ചേക്കുമെന്നാണ് സൂചന.
പരസ്പര പ്രതിരോധ കരാറിന് കീഴില്‍ 8000 സൈനികര്‍, ഒരു സ്‌ക്വാഡ്രണ്‍ യുദ്ധ വിമാനങ്ങള്‍, ഒരു വ്യോമ പ്രതിരോധ സംവിധാനം എന്നിവയാണ് പാകിസ്ഥാന്‍ സൗദിയിലേക്ക് കൈമാറിയതെന്ന് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു. സൗദി അറേബ്യയ്ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ സൗദി സൈന്യത്തെ നേരിട്ട് പിന്തുണയ്ക്കാന്‍ ശേഷിയുള്ള ശക്തമായ പോരാട്ട നിരയാണിത്.
കഴിഞ്ഞ ഏപ്രില്‍ ആദ്യം മുതല്‍ ചൈനയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ജെഎഫ് 17 ഉള്‍പ്പെടെയുള്ള 16 യുദ്ധ വിമാനങ്ങളടങ്ങിയ പൂര്‍ണ സ്‌ക്വാഡ്രനെ പാകിസ്ഥാന്‍ സൗദിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ രണ്ട് സ്‌ക്വാഡ്രണ്‍ ഡ്രോണുകളും, ചൈനീസ് നിര്‍മിത എച്ച്ക്യു 9 വ്യോമപ്രതിരോധ സംവിധാനവും കൈമാറിയിട്ടുണ്ട്. ഈ സൈനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരാണെങ്കിലും ഇതിനാവശ്യമായ സാമ്പത്തിക സഹായം പൂര്‍ണമായും നല്‍കുന്നത് സൗദി അറേബ്യയാണ്. എന്നാല്‍ ഈ വിന്യാസത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സൈന്യമോ സൗദി ഗവണ്‍മെന്റോ തയ്യാറായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ഈ പ്രതിരോധ കരാറിലെ നിബന്ധനകള്‍ ഇരുരാജ്യങ്ങളും അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ആക്രമണമുണ്ടായാല്‍ പാകിസ്ഥാനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. സൗദി അറേബ്യയെ പാകിസ്ഥാന്റെ ആണവ സംരക്ഷണ വലയത്തില്‍ കൊണ്ടുവരുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു. മുന്‍പുണ്ടായിരുന്ന കരാറുകള്‍ പ്രകാരം സൗദിയിലുള്ള ആയിരക്കണക്കിന് പാക് സൈനികര്‍ക്ക് പുറമെയാണ് ഈ പുതിയ വിന്യാസം.
യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൗദിയിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൗദി പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സൗദി ഇറാനെതിരെ നിരവധി രഹസ്യ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ സൗദിക്ക് പ്രതിരോധ കവചമൊരുക്കിയത്.
കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിനായി ഇസ്ലമാബാദില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചതും പാകിസ്ഥാനായിരുന്നു. എന്നാല്‍ പിന്നീട് ഇരുപക്ഷവും ചര്‍ച്ചകള്‍ റദ്ദാക്കുകയാണുണ്ടായത്. ഇറാനും യു.എസിനും ഇടയില്‍ ഒരു വശത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ മറുവശത്ത് ഇറാന്റെ എതിരാളികളായ സൗദിക്ക് ആണവ സുരക്ഷയടക്കം വാഗ്ദാനം ചെയ്ത് സൈന്യത്തെ വിന്യസിച്ച പാകിസ്ഥാന്റെ തന്ത്രപരമായ നീക്കം അന്താരാഷ്ട്ര തലത്തില്‍ ചോദ്യമുയര്‍ത്തുന്നു.