പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ 15 മുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഈ പദ്ധതിക്ക് മുന്‍പായി തങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി.
വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ പൂര്‍ണമായും സൗജന്യ യാത്ര നടപ്പാക്കുന്നത് നിലവില്‍ തന്നെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെയും അതിനെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരെയും ഈ തീരുമാനം ബാധിക്കുമെന്നും തങ്ങളുടെ ആശങ്കകള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ അറിയിക്കുമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ പ്രകടപത്രികയില്‍ പ്രഖ്യാപിച്ച പ്രധാന ഗ്യാരണ്ടികളില്‍ ഒന്നായിരുന്നു കെഎസ്ആര്‍ടിസിയിലെ സൗജന്യ സ്ത്രീ യാത്ര. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ജൂണ്‍ 15 മുതല്‍ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുമെന്ന നിര്‍ണായക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.
സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനം പൊതുജനങ്ങളിലും പ്രത്യേകിച്ച് വനിതകളിലും വലിയ സന്തോഷം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ സര്‍ക്കാരിന് പുതിയ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.