മന്ത്രിസഭാ രൂപീകരണത്തിലെ അതൃപ്തി: ലത്തീന്‍ രൂപതാ ആസ്ഥാനത്ത് അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍

മന്ത്രിസഭാ രൂപീകരണത്തിലെ അതൃപ്തി: ലത്തീന്‍ രൂപതാ ആസ്ഥാനത്ത് അനുനയ നീക്കവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമായതോടെ, തിരുവനന്തപുരം ലത്തീന്‍ രൂപതാ ആസ്ഥാനത്ത് നേരിട്ടെത്തി അനുനയ നീക്കം നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. സമുദായത്തില്‍ നിന്ന് മന്ത്രിമാര്‍ ആരുമില്ലെങ്കിലും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യങ്ങള്‍ക്കൊപ്പം എപ്പോഴും താനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തിരുവനന്തപുരം രൂപതാ നേതൃത്വം അറിയിച്ചു.

എം. വിന്‍സെന്റ് എംഎല്‍എയ്ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ലത്തീന്‍ രൂപത തങ്ങളുടെ ശക്തമായ വിയോജിപ്പ് പരസ്യമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി തന്നെ നേരിട്ട് സഭ ആസ്ഥാനത്തെത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ലത്തീന്‍ സമുദായത്തില്‍ നിന്ന് തന്നെ ഫിഷറീസ് വകുപ്പ് മന്ത്രി വേണമെന്ന ആവശ്യം യുഡിഎഫ് നേതൃത്വത്തെ നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നതാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അന്തര്‍നാടകങ്ങളില്‍ സഭയുടെ ആവശ്യങ്ങള്‍ ഒലിച്ചുപോകുകയാണുണ്ടായതെന്നും അദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

പല മന്ത്രിമാര്‍ക്കും കടല്‍ എന്താണെന്ന് അറിയില്ല. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. തങ്ങളെ സംബന്ധിച്ച് ഫിഷറീസ് വകുപ്പും അതിന്റെ മന്ത്രിയും ഏറെ പ്രധാനപ്പെട്ടതാണ്. മത്സ്യത്തൊഴിലാളികളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തില്‍ അതീവ ശ്രദ്ധയോടെ ഇടപെടാമെന്ന് അദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ തീരദേശത്തിനായി ഒന്നും ചെയ്തില്ല എന്ന അഭിപ്രായം സഭയ്ക്കില്ലെന്ന് വ്യക്തമാക്കിയ വികാരി ജനറല്‍, എന്നാല്‍ ആ പ്രവര്‍ത്തനങ്ങളൊന്നും ലക്ഷ്യബോധമുള്ളതായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുന്നൂറോളം വീടുകള്‍ തകര്‍ന്നത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന വാദം കള്ളമാണ്. അത്തരം കള്ളങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. വലിയ തുക മുടക്കി നടത്തിയ പല പഠന റിപ്പോര്‍ട്ടുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ വരും ദിവസങ്ങളില്‍ എങ്ങനെ നടപ്പിലാക്കപ്പെടുമെന്നാണ് സമുദായം ഉറ്റുനോക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.