മെറ്റയില്‍ വീണ്ടും വന്‍ പിരിച്ചുവിടല്‍: 8000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും; ഔദ്യോഗിക ഇമെയില്‍ മെയ് 20 ന്

മെറ്റയില്‍ വീണ്ടും വന്‍ പിരിച്ചുവിടല്‍: 8000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും; ഔദ്യോഗിക ഇമെയില്‍ മെയ് 20 ന്

സാന്‍ ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ വീണ്ടും വന്‍തോതിലുള്ള പിരിച്ചുവിടലിന് സാധ്യത. കമ്പനിയിലെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് നീക്കം. ഇതോടെ ഏകദേശം 8000 ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. ഇതേക്കുറിച്ചുള്ള ഔദ്യോഗിക ഇമെയില്‍ അറിയിപ്പ് മെയ് 20 ന് രാവിലെ ജീവനക്കാര്‍ക്ക് ലഭിച്ചേക്കും.

ചീഫ് പീപ്പിള്‍ ഓഫീസര്‍ ജാനെല്‍ ഗെയില്‍ ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമ്മോ പുറത്തുവന്നതോടെയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ സജീവമായത്. ഇതോടെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റയിലെ ജീവനക്കാര്‍ കടുത്ത ആശങ്കയിലും അസ്വസ്ഥതയിലുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപങ്ങള്‍ക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പിരിച്ചുവിടലുകള്‍ എന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവനക്കാരുടെ ആത്മവിശ്വാസം വലിയ തോതില്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എപ്പോള്‍ വേണമെങ്കിലും ജോലി നഷ്ടപ്പെടാമെന്ന ഭയം ജീവനക്കാരെ അലട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓഹരി അധിഷ്ഠിത പ്രതിഫലം കുറച്ചതും കമ്പനിയുടെ ഓഹരി വിലയിടിഞ്ഞതും ജീവനക്കാരുടെ ആകെ വരുമാനത്തെ ബാധിച്ചു. അതേപോലെ ജീവനക്കാരുടെ ലാപ്‌ടോപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കമ്പനി പുതിയ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയത് ജീവനക്കാരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എഐ പരിശീലനത്തിനായുള്ള ഡാറ്റ ശേഖരിക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ഇവിടെ ആരും സന്തോഷത്തോടെ ജോലി ചെയ്യുന്നില്ല. നിലവിലെ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനേക്കാള്‍, പിരിച്ചുവിടപ്പെടുകയും കൃത്യമായ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് പേര് വെളിപ്പെടുത്താത്ത മെറ്റാ ജീവനക്കാരന്‍ പറഞ്ഞു. മാനേജ്മെന്റ് ഒളിച്ചുകളി അവസാനിപ്പിച്ച് എത്രയും വേഗം തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നിരന്തരമായ തൊഴില്‍ സമ്മര്‍ദ്ദവും അനിശ്ചിതത്വവും ജീവനക്കാരുടെ കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

വരും മണിക്കൂറുകളില്‍ മെറ്റയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സാങ്കേതിക ലോകം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.