തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കൂട്ടിയ നാല് രൂപയില്‍ 3.35 രൂപ കര്‍ഷകന് ലഭിക്കുന്ന രീതിയിലാണ് വില വര്‍ധനവെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം. പാല്‍ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കും.
പാല്‍ വില കൂട്ടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. നാല് മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കാമെന്ന സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് പാല്‍ വില കൂട്ടിയത്.
നേരത്തേ തീരുമാനം എടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
പുതുക്കിയ വര്‍ധന പ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം ക്ഷേമ നിധിയിലേക്കും മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.