മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്: വൈകാതെ ചെന്നിത്തലയുടെ ഇടപെടല്‍

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്: വൈകാതെ ചെന്നിത്തലയുടെ ഇടപെടല്‍

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘര്‍ഷം. സമരപ്പന്തലില്‍ ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി വയ്ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളുമുണ്ടായതോടെയാണ് രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടത്. അടിയന്തരമായി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ അദേഹം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് പൊലീസ് മടങ്ങി. മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2022 ല്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മടങ്ങുകയായിരുന്നു. 14 തവണയാണ് ഭൂമി അളന്ന് തിരിക്കാനും വീടുകള്‍ പൊളിച്ചു നീക്കാനുമുള്ള നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടിവന്നത്. അര നൂറ്റാണ്ടോളമായി മലയിടംതുരുത്തില്‍ ഭൂമി തര്‍ക്കം നില നില്‍ക്കുന്നുണ്ട്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിയിറക്കുന്നവരുടെ പുനരധിവാസത്തെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.

58 വര്‍ഷം മുമ്പ് കാളുകുറുമ്പന്‍ എന്നയാള്‍ അന്യായമായി ഭൂമി കൈയേറിയതായി കാണിച്ച് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ രംഗത്തെത്തിയതോടെയാണ് കേസിന്റെ തുടക്കം. തങ്ങളുടെ മുത്തച്ഛന്‍ വഴി ലഭിച്ച ഭൂമിയാണെന്നായിരുന്നു കാളുകുറുമ്പന്റെ മകന്‍ ചോതിയുടെ വാദം. എന്നാല്‍ ഭൂമി തന്റെ പൂര്‍വികരുടേതാണെന്ന് കാണിച്ച് ശങ്കരന്‍ നായര്‍ കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി പട്ടികജാതി കുടുംബങ്ങള്‍ക്ക് എതിരായതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.