ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ഇന്ത്യയില്‍ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ ആഗോള അടിയന്തരാവസ്ഥ മധ്യ ആഫ്രിക്കയില്‍ എബോളയുടെ അപൂര്‍വ ഇനമായ 'ബുന്ദിബുഗ്യോ (Bundibugyo)' സ്‌ട്രെയിന്‍ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്ക് രോഗബാധ സംശയിക്കുകയും 130 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ഈ അപൂര്‍വ ഇനത്തിനെതിരെ അംഗീകൃത വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്തതാണ് ആഗോളതലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്.
കേന്ദ്രം നിര്‍ദേശിച്ച പ്രധാന പ്രതിരോധ നടപടികള്‍:
രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രികരെ കര്‍ശനമായി സ്‌ക്രീനിങിന് വിധേയമാക്കും. അന്താരാഷ്ട്ര യാത്രാ വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ വിവിധ മന്ത്രാലയങ്ങളുമായി ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സംശയമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി.
രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ സാമ്പിള്‍ പരിശോധനയും ചികിത്സയും വരെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍' (എസ്ഒപി) കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറി. എബോള പരിശോധനകള്‍ക്കായുള്ള പ്രധാന നോഡല്‍ കേന്ദ്രമായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ നിശ്ചയിച്ചു. മറ്റ് പ്രമുഖ ലാബുകളെ ഘട്ടങ്ങളായി ഇതിന്റെ ഭാഗമാക്കും.
ഭീതിജനകമായ സാഹചര്യങ്ങള്‍ നിലവിലില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യര്‍ത്ഥിച്ചു. 2014 ലും 2019 ലും ആഗോളതലത്തില്‍ എബോള ഭീഷണിയുണ്ടായപ്പോള്‍ രാജ്യം വിജയകരമായി പ്രതിരോധം തീര്‍ത്ത അനുഭവം മുന്നിലുണ്ടെന്നും പൊതുജനാരോഗ്യ സംവിധാനം പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.