പ്രസിഡന്റ് യുദ്ധ തിരക്കില്‍: ട്രംപ് ജൂനിയറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത കുറവെന്ന് ഡൊണാള്‍ഡ് ട്രംപ്

പ്രസിഡന്റ് യുദ്ധ തിരക്കില്‍: ട്രംപ് ജൂനിയറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത കുറവെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനിലെ യുദ്ധ സാഹചര്യങ്ങളും ആഗോള പ്രതിസന്ധികളും മൂലം തന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒവെല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ ആഴ്ച അവസാനം ബഹാമാസില്‍ നടക്കാനിരിക്കുന്ന സ്വകാര്യ ചടങ്ങില്‍ തന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലാണെന്ന് ട്രംപ് വ്യക്തമാക്കിയത്.

''ഞാന്‍ അവിടെ വരണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ട്. അതൊരു ചെറിയ സ്വകാര്യ ചടങ്ങാണ്. പങ്കെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എന്നാല്‍ ഇറാന്‍ വിഷയം അടക്കം നിരവധി കാര്യങ്ങളില്‍ ഞാന്‍ വ്യാപൃതനാണ്. സത്യത്തില്‍ ഇതൊരു നല്ല സമയമല്ല''- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

മാത്രമല്ല ആഗോളതലത്തില്‍ യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ താന്‍ ഒരു ആഘോഷത്തില്‍ പങ്കെടുത്താല്‍ മാധ്യമങ്ങള്‍ അതിനെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുമെന്ന ആശങ്കയും ട്രംപ് പങ്കുവെച്ചു. താന്‍ വിവാഹത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ തന്നെ കുറ്റപ്പെടുത്തും. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ തന്നെ വേട്ടയാടാന്‍ ഈ അവസരം ഉപയോഗിക്കും. എങ്കിലും അവര്‍ക്ക് മികച്ചൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നുവെന്ന് അദേഹം പറഞ്ഞു.

48 കാരനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ രണ്ടാം വിവാഹമാണിത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ശൃംഖലയായ 'ദി ട്രംപ് ഓര്‍ഗനൈസേഷന്റെ' എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അദേഹം. പാം ബീച്ചില്‍ നിന്നുള്ള പ്രശസ്ത മോഡലും സോഷ്യലൈറ്റുമായ 39 കാരി ബെറ്റിന ആന്‍ഡേഴ്‌സനാണ് വധു. നേരത്തെ വൈറ്റ് ഹൗസില്‍വെച്ച് വലിയ രീതിയില്‍ വിവാഹം നടത്താന്‍ ദമ്പതികള്‍ ആലോചിച്ചിരുന്നെങ്കിലും യുദ്ധ സാഹചര്യത്തില്‍ ആഡംബര ആഘോഷങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ചടങ്ങുകള്‍ ബഹാമാസിലേക്ക് മാറ്റുകയും അതീവ രഹസ്യമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഭാവിയില്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് ട്രംപ് ജൂനിയര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ ഈ വിവാഹവും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.