തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെയാണ് അതിസുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത്.
പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വച്ച് ഇനി മുതല്‍ വൈ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദേഹത്തിനുണ്ടാവുക. സെഡ് പ്ലസ് പിന്‍വലിച്ചതോടെ പിണറായിക്കൊപ്പം ഇനി ഗണ്‍മാന്‍മാര്‍ ഉണ്ടാകില്ല.
നവകേരള യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ ഗണ്‍മാന്‍ സന്ദീപ് പിണറായിയുടെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവായി.
അതിസുരക്ഷ പിന്‍വലിച്ചതോടെയാണ് സന്ദീപിന് പൊലീസിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്.
ഗണ്‍മാനെ ഒഴിവാക്കിയതിന് പകരമായി രണ്ട് പിഎസ്ഓമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനമുണ്ടാകും. അതിനാെപ്പം വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും.
ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയായിരിക്കും സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം നവകേരള ബസ് യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച നാല് ഗണ്‍മാന്മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. മര്‍ദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്.പി. ഷൗക്കത്തലി ഡിജിപിക്ക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
ഇപ്പോള്‍ ആലപ്പുഴ എംഎല്‍എ ആയ എ.ഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസിനെയുമാണ് ഗണ്‍മാന്മാര്‍ തല്ലിച്ചതച്ചത്.