കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ പീഡനക്കേസിൽ പ്രതി ചേർക്കണമെന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ അതിജീവിതയോട് ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതാണെന്ന് കെപിസിസി അംഗം സി.ആർ നജീബിന്റെ രഹസ്യമൊഴി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് കേസിൽ നിർണായകമായേക്കാവുന്ന ഈ മൊഴി നൽകിയത്. ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം 2015 മേയിൽ പത്തനാപുരത്തെ പാർട്ടി ഓഫീസിലെത്തിയപ്പോഴാണ് ഈ ഗൂഢാലോചനയ്ക്ക് സാക്ഷിയായതെന്ന് നജീബ് വ്യക്തമാക്കുന്നു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഉണ്ടായിരുന്നതിനാൽ അന്ന് തനിക്ക് ഗണേഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നജീബ് മൊഴിയിൽ പറയുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാകാത്തതിലുള്ള കടുത്ത വിരോധം നിലനിൽക്കുന്ന സമയത്തായിരുന്നു ഈ കൂടിക്കാഴ്ച.
ഗണേഷ് കുമാറിന്റെ മുറിയിൽ എത്തിയപ്പോൾ സോളർ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ വീണ്ടും മന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദം ചെലുത്തണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അതിജീവിതയോടായി, “ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ കയ്യിലാണ്” എന്ന് ഗണേഷ് പറയുന്നത് നേരിട്ട് കേട്ടു. തലയാട്ടി സമ്മതിച്ച് ഓക്കെ എന്ന് പറഞ്ഞാണ് അവർ അവിടെനിന്ന് ഇറങ്ങിപ്പോയത്.
ഈ ഭീഷണിയെയും ഗൂഢാലോചനയെയും കുറിച്ച് അന്ന് തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ച് പറയാൻ ശ്രമിച്ചെങ്കിലും അദേഹം ഫോൺ എടുത്തില്ല. തുടർന്ന് പിഎയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നതായും നജീബ് കോടതിയെ അറിയിച്ചു.
സോളർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനിൽ ഹാജരാക്കിയ കത്തിൽ നാല് പേജുകൾ വ്യാജമായി കൂട്ടിച്ചേർത്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണ് കൊട്ടാരക്കര കോടതിയിൽ വിചാരണ നടക്കുന്നത്. കേസിൽ ഒന്നാം പ്രതി അതിജീവിതയും രണ്ടാം പ്രതി കെ.ബി ഗണേഷ്‌കുമാറുമാണ്. ഗണേഷിന് വേണ്ടി അഡ്വ. ഷൈൻ പ്രഭ കോടതിയിൽ ഹാജരായി. കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.