ദലൈലാമയുടെ പിന്‍ഗാമി: തീരുമാന അധികാരം ബീജിങിന് മാത്രം; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ദലൈലാമയുടെ പിന്‍ഗാമി: തീരുമാന അധികാരം ബീജിങിന് മാത്രം; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിങ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പുനര്‍ ജന്മവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയ്ക്ക് കര്‍ശന മുന്നറിയിപ്പുമായി ചൈന. അടുത്ത ദലൈലാമയെ നിശ്ചയിക്കാനുള്ള പൂര്‍ണമായ അധികാരം ബീജിങിലെ കേന്ദ്ര ചൈനീസ് ഭരണകൂടത്തിന് മാത്രമാണെന്നും ഈ വിഷയത്തില്‍ യാതൊരു വിധ ബാഹ്യ ഇടപെടലുകളും അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ദലൈലാമയുടെ പിന്‍ഗാമി നിര്‍ണയത്തെ പിന്തുണച്ച് സംസാരിച്ചതിനും ധര്‍മ്മശാലയില്‍ നടന്ന ദലൈലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുത്തതിനും തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. തിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും സൂക്ഷ്മത പാലിക്കണമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന ഓര്‍മ്മിപ്പിച്ചു.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ബീജിങിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ദലൈലാമയുടെ പുനര്‍ജന്മം എന്നത് കേവലം ഒരു മതപരമായ കാര്യമല്ല. ചരിത്രപരമായ കണ്‍വെന്‍ഷനുകള്‍, ചൈനീസ് നിയമങ്ങള്‍, ഗോള്‍ഡന്‍ അണ്‍ നറുക്കെടുപ്പ് പ്രക്രിയ എന്നിവ പാലിച്ചും ചൈനീസ് സര്‍ക്കാരിന്റെ അന്തിമ അംഗീകാരത്തോടെയും മാത്രമേ പുതിയ പിന്‍ഗാമിയെ കണ്ടെത്താനാകൂ. നിലവിലെ പതിനാലാമത് ദലൈലാമയെപ്പോലും അന്നത്തെ ചൈനീസ് ഭരണകൂടമാണ് അംഗീകരിച്ചതെന്ന് മാവോ നിങ് വ്യക്തമാക്കി.

അതേസമയം ചൈനയുടെ ഈ ഏകപക്ഷീയമായ അവകാശവാദങ്ങള്‍ക്കെതിരെ തിബറ്റന്‍ ഭരണകൂടവും വിവിധ അന്താരാഷ്ട്ര സംഘടനകളും പ്രതിഷേധം അറിയിച്ചു. തങ്ങളുടെ ആത്മീയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണമായും തിബറ്റന്‍ ജനതയ്ക്ക് മാത്രമാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പൂര്‍ണ ചുമതല താന്‍ തന്നെ സ്ഥാപിച്ച 'ഗാദെന്‍ ഫോഡ്രങ്' ട്രസ്റ്റിന് മാത്രമായിരിക്കുമെന്ന് ദലൈലാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച ഇന്ത്യ, പുനര്‍ജന്മം എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതില്‍ തീരുമാനമെടുക്കേണ്ടത് ദലൈലാമയും ബുദ്ധമത സമൂഹവുമാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. 1959 മുതല്‍ ദലൈലാമയ്ക്കും ലക്ഷക്കണക്കിന് തിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്കും അഭയം നല്‍കുന്നത് ഇന്ത്യയാണ്. വരാനിരിക്കുന്ന പുതിയ ആത്മീയ നേതാവിലൂടെ തിബറ്റിന് മേലുള്ള തങ്ങളുടെ രാഷ്ട്രീയ നിയന്ത്രണം പൂര്‍ണമാക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍, ഈ വിഷയം വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.