സിഎംആര്‍എല്‍ ഇടപാട്: വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി

സിഎംആര്‍എല്‍ ഇടപാട്: വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി

കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും ഐടി കമ്പനിയായ എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ടി.യുടെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെയാണ് ഇഡിയുടെ നടപടി. പരിശോധനയില്‍ വീണയുടെ പേരിലുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ രേഖകളും ഇഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലും ബംഗളൂരുവിലുമായി ആകെ 12 ഇടങ്ങളിലാണ് ഇഡി ഒരേസമയം മിന്നല്‍ പരിശോധന നടത്തിയത്.

തിരുവനന്തപുരത്ത് പിണറായി വിജയന്‍ താമസിക്കുന്ന വാടക വീട്ടില്‍ പുലര്‍ച്ചെ ആറിന് ആരംഭിച്ച റെയ്ഡ് എട്ടര മണിക്കൂറോളം നീണ്ടുനിന്നു. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ അഞ്ചംഗ ഇഡി സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. സുരക്ഷയ്ക്കായി എട്ട് കേന്ദ്ര സേനാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

2017 മുതല്‍ 2020 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതിന്റെ കാരണമാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഈ തുകയ്ക്ക് പകരമായി എന്ത് ഐടി സേവനമാണ് എക്‌സാലോജിക് നല്‍കിയതെന്നും ഇരു കമ്പനികളും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളും കണ്ടെത്താനായിരുന്നു പരിശോധന. റെയ്ഡിനിടെ അധികൃതര്‍ വീണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ബാങ്ക് നിക്ഷേപ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണയെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.