വാഷിങ്ടണ്‍: ദീര്‍ഘനാളായി നിലനില്‍ക്കുന്ന യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്ക് താല്‍കാലിക ശമനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ലക്ഷ്യമിട്ടുള്ള പ്രാഥമിക കരാറില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും ഉള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്.
ഇറാന്റെ ഉന്നത നേതൃത്വം ഈ നിര്‍ദേശത്തിന് ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകളുടെ പുരോഗതിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായും തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത കപ്പല്‍ ഗതാഗതം ഇറാന്‍ ഉറപ്പ് നല്‍കും. 30 ദിവസത്തിനുള്ളില്‍ കടലിലെ മൈനുകള്‍ നീക്കം ചെയ്യും. മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ തടയില്ലെന്നും അവയില്‍ നിന്ന് യാതൊരുവിധ ടോളും ഈടാക്കില്ലെന്നും ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്ത് നിന്നുള്ള സുരക്ഷാ ഉറപ്പുകള്‍ക്ക് പകരമായി മേഖലയിലെ നാവിക ഉപരോധം അമേരിക്ക ഘട്ടം ഘട്ടമായി ലഘൂകരിക്കും തുടങ്ങിയവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍.
ഈ 60 ദിവസത്തെ ചര്‍ച്ചാ വേളയില്‍ യുറേനിയം സമ്പുഷ്ടീകരണം, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കല്‍, മാനുഷിക സഹായം എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത് താല്‍കാലിക ക്രമീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇത് അന്തിമ സമാധാന കരാറല്ലെന്ന് ഇരു വിഭാഗത്തെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.
സമാധാന ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ക്ക് പൂര്‍ണ ശമനമായിട്ടില്ല. ദക്ഷിണ ഇറാനിലെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്‍ കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടത്തിയിരുന്നു.