ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലത്തിലെ സാങ്കേതിക ക്രമക്കേടുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചതിന് പിന്നാലെ തങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ഓണ്‍ലൈന്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിലെ പിഴവുകള്‍ കാരണം വലിയ തോതില്‍ മാര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പുനര്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കി ഇത് പരിഹരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.
വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ സിബിഎസ്ഇക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
സിബിഎസ്ഇ ആദ്യമായി നടപ്പിലാക്കിയ ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനമായ ഒഎസ്എം സിസ്റ്റത്തിലുണ്ടായ പൊരുത്തക്കേടുകളാണ് പരീക്ഷാ ഫലത്തെ ബാധിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സമ്മതിച്ചു. സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കിനെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സുരക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി. ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിന് മേല്‍നോട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ പരീക്ഷാ മൂല്യ നിര്‍ണയത്തിന് ഒഎസ്എം സംവിധാനം തുടരണമോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തും.
ഡിജിറ്റല്‍ മൂല്യ നിര്‍ണയത്തിന് കരാര്‍ നല്‍കിയ 'കോയെംപ്റ്റ്' (COEMPT) എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിഷയം കനത്ത രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
ആദ്യമായി നടപ്പിലാക്കിയ ഡിജിറ്റല്‍ മൂല്യ നിര്‍ണയ സംവിധാനത്തിലെ തകരാറാണ് പ്ലസ്ടു ഫലത്തെ ബാധിച്ചതെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ വരും ദിവസങ്ങളില്‍ സിബിഎസ്ഇ പ്രഖ്യാപിക്കുന്ന അടിയന്തര തിരുത്തല്‍ നടപടികളിലാണ് ഇനി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.