വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയ്‌ക്കൊടുവിൽ കടുത്ത ചൂട് താങ്ങാനാവാതെ കുഴഞ്ഞു വീണ പ്രായമായ വൈദികന് ആശ്വാസമേകാൻ ലിയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി. തന്റെ ഔദ്യോഗിക പദവിയും സുരക്ഷാ മാനദണ്ഡങ്ങളും മാറ്റിവെച്ച് നിലത്ത് മുട്ടുകുത്തിയിരുന്ന് വൈദികനെ ശുശ്രൂഷിച്ച പരിശുദ്ധ പിതാവിന്റെ കരുണാർദ്രമായ പ്രവൃത്തി വത്തിക്കാൻ ചത്വരത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വാസികളുടെ കണ്ണു നിറയിപ്പിച്ചു. കുഴഞ്ഞു വീണ ഫാ. ഡിയേഗോ സെമെരാരോയുടെ സഹോദരനായ ഫാ. ഫ്രാങ്കോ സെമെരാരോയാണ് വത്തിക്കാൻ ന്യൂസിനോട് ഈ അവിസ്മരണീയ നിമിഷം പങ്കുവെച്ചത്.
മെയ് 27 ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുദർശനത്തിന് ശേഷമായിരുന്നു സംഭവം. ഇറ്റലിയിലെ പുഗ്ലിയയിലുള്ള മാർട്ടിന ഫ്രാങ്കയിൽ നിന്നുള്ള വൈദികനാണ് 82 വയസുകാരനായ ഫാ. ഡിയേഗോ സെമെരാരോ. തന്റെ സഹോദരൻ ഫാ. ഫ്രാങ്കോയുടെ പൗരോഹിത്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റോം സന്ദർശിക്കാനെത്തിയതായിരുന്നു ഇരുവരും.
"ഏകദേശം മൂന്ന് മണിക്കൂറോളം കടുത്ത വെയിലത്ത് (34 ഡിഗ്രിയിലധികം ചൂട്) നിന്നതിനെ തുടർന്ന് സഹോദരൻ പെട്ടെന്ന് ബോധരഹിതനായി താഴേക്ക് വീഴുകയായിരുന്നു. പെട്ടെന്നാണ് വേദിയിൽ നിന്നും താഴേക്കിറങ്ങി വന്ന ലിയോ പതിനാലാമൻ മാർപാപ്പ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയും നിലത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് സഹോദരനെ ശുശ്രൂഷിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തത്. കണ്ണ് തുറന്നപ്പോൾ തൊട്ടു മുന്നിൽ നിൽക്കുന്ന മാർപാപ്പയെ കണ്ട് അത്ഭുതപ്പെട്ട ഡിയേഗോ അച്ചൻ 'പരിശുദ്ധ പിതാവേ, ഇത് അങ്ങ് തന്നെയാണോ?' എന്ന് ചോദിച്ചുപോയി," ഫാ. ഫ്രാങ്കോ അനുസ്മരിച്ചു.
തുടർന്ന് മാർപാപ്പ അദേഹത്തിന് ഹസ്തദാനം നൽകുകയും ഒരു ജപമാല സമ്മാനമായി കൈമാറുകയും ചെയ്തു. സംഭവത്തിന് ശേഷം വൈദികനെ ഉടൻ തന്നെ വത്തിക്കാനിലെ അടിയന്തര വിഭാഗത്തിൽ എത്തിച്ച് പരിശോധനകൾക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഉച്ച ഭക്ഷണം കഴിക്കുകയും വൈകുന്നേരം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ദൈവാനുഗ്രഹത്താൽ അദേഹം ഇപ്പോൾ പൂർണ സുഖം പ്രാപിച്ചതായി കുടുംബം അറിയിച്ചു.
ഏതു സാധാരണക്കാരന്റെയും വേദനയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം ആഗോള മാധ്യമങ്ങളിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു.