ന്യൂഡല്‍ഹി: കെ-ടെറ്റ് പാസാകാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരടക്കം സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അതേസമയം കെ-ടെറ്റ് പാസാകാനുള്ള സമയം രണ്ടില്‍ നിന്ന് മൂന്ന് വര്‍ഷമായി കോടതി ഉയര്‍ത്തുകയും ചെയ്തു.
കേരള സര്‍ക്കാരിനൊപ്പം പല സംഘടനകളും കോടതിയെ സമീപിച്ചിരുന്നു, നാല്‍പത്തഞ്ചോളം പുനപരിശോധനാ ഹര്‍ജികളാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
2012 മാര്‍ച്ച് 31 ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കരുതെന്നും വിരമിക്കും വരെ തുടരാനനുവദിക്കണം എന്നുമായിരുന്നു ഹര്‍ജികളിലെ ആവശ്യം.
പക്ഷേ കുട്ടികളിലെ ബോധന ശാസ്ത്രം, അധ്യാപന അഭിരുചി എന്നിവ കേന്ദ്രീകരിച്ചുള്ള പരീക്ഷയാണ് കെ-ടെറ്റ് എന്നും സ്‌കൂള്‍ അധ്യാപകനാകാന്‍ എല്ലാവരും ഇത് പാസാകണം എന്നായിരുന്നു മുന്‍ കോടതി ഉത്തരവ്. സുപ്രീം കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
നിലവില്‍ സുപ്രീം കോടതിയും പുനപരിശോധന ഹര്‍ജികള്‍ തള്ളിയതോടെ നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് തുടങ്ങി ഉന്നത യോഗ്യത നേടിയവ നിലവിലെ അധ്യാപകരായാലും അവര്‍ കെ-ടെറ്റ് പാസായാലേ ജോലി ചെയ്യാനാകൂ. ഇവരുടെ ജോലിയെയും പ്രമോഷനെയും ഉത്തരന് ബാധിക്കുമെന്നാണ് വിവരം.