വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ മാസങ്ങളായി നിലനില്‍ക്കുന്ന യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന് താല്‍കാലിക ശമനമുണ്ടാകുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സമയമായെന്ന് ട്രംപ് പ്രസ്താവിച്ചു. ഇതോടെ മേഖലയില്‍ വെടിനിര്‍ത്തല്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങള്‍.
യുറേനിയം ശേഖരം നശിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറന്ന് നല്‍കുക, കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യുക തുടങ്ങിയ യു.എസിന്റെ കടുത്ത നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചെന്ന സൂചന നല്‍കിക്കൊണ്ടാണ് ട്രംപിന്റെ പുതിയ പ്രസ്താവന. കപ്പലുകളിലെ ജീവനക്കാര്‍ സ്വന്തം വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ 'തന്റെ ഹലോ പറയണം' എന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
എന്നാല്‍ യു.എസ് പ്രസിഡന്റിന്റെ അവകാശ വാദങ്ങള്‍ പൂര്‍ണമായി ശരിയല്ലെന്ന നിലപാടിലാണ് ഇറാന്‍. ട്രംപ് പറയുന്നത് പാതി സത്യം മാത്രമാണെന്നും തങ്ങളുടെ യുറേനിയം ശേഖരം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ അന്തിമ തീരുമാനത്തിലും എത്തിയിട്ടില്ലെന്നും ഇറാന്‍ വക്താക്കള്‍ വ്യക്തമാക്കി.
മേഖലയിലെ വെടിനിര്‍ത്തല്‍ കാലാവധി 60 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകദേശ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാതിരുന്നതാണ് ഇത്രയും നാള്‍ അനിശ്ചിതത്വത്തിന് കാരണമായതെന്നാണ് ഇറാന്റെ വാദം. യു.എസിന്റെ കേവലം വാക്കുകളില്‍ ഇറാന്‍ വിശ്വസിക്കുന്നില്ല. അവരുടെ ഭാഗത്ത് നിന്നും പ്രായോഗികമായ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് എക്‌സിലൂടെയാണ് യുഎസിനോടുള്ള തങ്ങളുടെ അവിശ്വാസം പരസ്യമാക്കിയത്.
ട്രംപിന്റെ പ്രസ്താവനയോടെ കപ്പലുകളുടെ യാത്രാ തടസം നീങ്ങുമെങ്കിലും യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.