ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും ഇറാനും അമേരിക്കയും തമ്മിലുള്ള എറ്റുമുട്ടലുകള്‍ക്ക് ശമനമില്ല. ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ഇന്നലെ ആക്രമണം നടത്തി. സമുദ്രാതിര്‍ത്തിയില്‍ അമേരിക്കയുടെ എം.ക്യു 1 ഡ്രോണ്‍ വെടിവെച്ചിട്ടതിനുള്ള മറുപടിയാണിതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഇറാനിലെ ഗോരുക് നഗരത്തിലും ഖെശാം ദ്വീപിലുമുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തിയത്. മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയ ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍, രണ്ട് ഡ്രോണുകള്‍ എന്നിവ തകര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു.
തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്കും പ്രദേശത്തെ സുരക്ഷക്കും ഭീഷണിയായ ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളെന്നും തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ തുടരുമെന്നും അമേരിക്കന്‍ സേന എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇറാന്റെ സമുദ്രപരിധിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) വ്യക്തമാക്കിയത്. ഇറാന്റെ സമുദ്ര അതിര്‍ത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോണ്‍ ഉടന്‍ തന്നെ റെവല്യൂഷണറി ഗാര്‍ഡിന്റെ അത്യാധുനിക പ്രതിരോധ മിസൈല്‍ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നുവെന്ന് ഐആര്‍ജിസി അറിയിച്ചു. ഇപ്പോള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഐആര്‍ജിസി അറിയിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന കരാറിന്റെ കരടില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടുതല്‍ ഭേദഗതികള്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തിന് താല്‍ക്കാലിക ശമനം വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നീക്കുന്നതുമായും ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് ട്രംപ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഇറാനിയന്‍ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടാതെ ഒരു കരാറിനും വഴങ്ങില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് പറഞ്ഞു.