ന്യൂഡല്‍ഹി: മിലിട്ടറി നഴ്‌സിങ് സര്‍വീസിന്റെ പുതിയ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പത്തനംതിട്ട സ്വദേശി മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം മെയ് 31 ന് വിരമിച്ച മേജര്‍ ജനറല്‍ ലിസമ്മ പി.വിയ്ക്ക് പകരക്കാരിയായാണ് റേച്ചല്‍ തോമസ് ഈ പരമോന്നത പദവിയിലെത്തുന്നത്.
2026 ജൂണ്‍ ഒന്ന് മുതല്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.
പുനെയിലെ പ്രശസ്തമായ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജിലെ കോളജ് ഓഫ് നഴ്‌സിങ് പൂര്‍വ വിദ്യാര്‍ത്ഥിയായ റേച്ചല്‍ തോമസ് 1988 ജൂണ്‍ ഒന്നിനാണ് മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ കമ്മീഷന്‍ ചെയ്യുന്നത്. തുടര്‍ന്ന് 38 വര്‍ഷത്തോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ സായുധ സേനാ മെഡിക്കല്‍ സര്‍വീസിന് കീഴിലുള്ള വിവിധ പ്രമുഖ മിലിട്ടറി ആശുപത്രികളില്‍ നിര്‍ണായകമായ ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പദവികള്‍ വിജയകരമായി കൈകാര്യം ചെയ്തു.
രാജ്യത്തെ പ്രമുഖ സൈനിക ആശുപത്രികള്‍ക്ക് പുറമെ, സുരക്ഷാപരമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകള്‍ക്ക് കീഴിലുള്ള അതിര്‍ത്തി മേഖലകളിലും അവര്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുര്‍ഘടമായ ഭൂ പ്രകൃതിയിലും കഠിനമായ സാഹചര്യങ്ങളിലും രോഗീപരിചരണം ഉറപ്പാക്കുന്നതിലും നഴ്‌സിങ് അഡ്മിനിസ്‌ട്രേഷന്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും അവര്‍ പ്രശംസനീയമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
യുദ്ധകാലത്തും സമാധാനാന്തരീക്ഷത്തിലും ഇന്ത്യന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച നഴ്‌സിങ് പരിചരണവും വൈദ്യ സഹായവും ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേനയുടെ സുപ്രധാന വിഭാഗമായ മിലിട്ടറി നഴ്‌സിങ് സര്‍വീസ് നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
സജി സാം ആണ് മേജര്‍ ജനറല്‍ റേച്ചല്‍ തോമസിന്റെ ഭര്‍ത്താവ്. രാജ്യത്തെ സൈനിക നഴ്‌സിങ് രംഗത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് മറ്റൊരു മലയാളി കൂടി എത്തിയത് കേരളത്തിനും അഭിമാന നിമിഷമായി മാറി.