കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയില്‍ രണ്ട് മലയാളികളും

കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയില്‍ രണ്ട് മലയാളികളും

ബംഗളൂരു: നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമമിട്ട് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഇന്ന് അധികാരമേല്‍ക്കും. ബംഗളൂരുവിലെ ലോക്ഭവനില്‍ വൈകുന്നേരം 4:05 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാറിനൊപ്പം പതിമൂന്നോളം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മലയാളി സാന്നിധ്യമായി കെ.ജെ ജോര്‍ജ്, യു.ടി ഖാദര്‍ എന്നിവരും പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. യു.ടി ഖാദര്‍ മുന്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയായ അദേഹം മംഗളൂരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാലാംവട്ടവും ജയിച്ച ജനപ്രതിനിധിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.ജെ ജോര്‍ജാണ് മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യം.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യ ഇത്തവണ പ്രധാന വകുപ്പുകളിലൊന്നുമായി മന്ത്രിസഭയിലെത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡോ. ജി പരമേശ്വര പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകും. സ്ഥാനമൊഴിഞ്ഞ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി നിയമിച്ചു. ജൂണ്‍ 18 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭയുടെ അടുത്ത ഘട്ട വികസനം ഉണ്ടാകുക.

പുതിയ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും ബംഗളൂരുവില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സാക്ഷിയാകും. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.