തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ വിതരണ ശൃംഖലകളും സാമ്പത്തിക സ്രോതസുകളും ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ദൗത്യത്തിന് വന്‍ തുടക്കം. ആദ്യ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനകളില്‍ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി വിപണനത്തിന് പിന്നിലെ പ്രധാന വിതരണക്കാരെയും അവരുടെ സാമ്പത്തിക ഇടപാടുകളെയും കണ്ടെത്തുകയാണ് പൊലീസിന്റെ പ്രാഥമിക ലക്ഷ്യം. വിവിധ ജില്ലകളില്‍ നിന്നായി വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്. ഇതില്‍ മാരക രാസലഹരി മരുന്നുകളും ഉള്‍പ്പെടുന്നു. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പന തടയുന്നതിനായി ക്യാമ്പസ് പരിസരങ്ങളില്‍ പ്രത്യേക പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാസലഹരി കടത്തുന്ന സംഘങ്ങള്‍ക്കൊപ്പം കഞ്ചാവ് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന പ്രാദേശിക കണ്ണികളും പൊലീസിന്റെ വലയിലായിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഓരോ പൊലീസ് സബ് ഡിവിഷനിലും നാല് പ്രത്യേക ടീമുകളെ വീതം നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് വരും ദിവസങ്ങളില്‍ സംയുക്ത പരിശോധനകള്‍ തുടരും.
വിദേശത്ത് നിന്നും വിമാനത്താവളങ്ങള്‍ വഴിയുള്ള സിന്തറ്റിക് ഡ്രഗ്സ് കടത്ത് തടയാന്‍ ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഓപ്പറേഷന്‍ തൂഫാന്‍ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും ഡിജിപി വ്യക്തമാക്കി.