കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ബന്ധു നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. ജനം ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്രമായ മാറ്റത്തിന് വേണ്ടിയാണെന്നും അല്ലാതെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റാന്‍ വേണ്ടിയല്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ സഹോദരി ഭര്‍ത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
തുടക്കത്തില്‍ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. അതുകൊണ്ട് തന്നെ തികച്ചും പ്രതിഷേധാര്‍ഹവുമാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരണ പക്ഷത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറന്ന് ഭരണത്തില്‍ എത്തിയപ്പോള്‍ അതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ് ഇത്തരം നടപടികള്‍. നടപടി ഉടന്‍ പിന്‍വലിക്കും എന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
വൈദ്യുതി മന്ത്രിയുടെ ഓഫീസിലെ ബന്ധു നിയമനം പുറത്ത് വന്നതിന് പിന്നാലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി കോണുകളില്‍ നിന്നും സര്‍ക്കാരിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതിനിടയിലാണ് സഭാ നേതൃത്വത്തില്‍ നിന്നുള്ള പരസ്യ പ്രതികരണം.