പെരുമ്പാവൂര്‍: വേങ്ങൂരില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. വേങ്ങൂര്‍ വീട്ടിമുളം സ്വദേശി തൊണ്ടിമാലില്‍ ശിവനാ(55)ണ് പരിക്കേറ്റത്. ഇയാളുടെ ഇടതുകാലിന് താഴെ സാരമായ പൊട്ടലുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ശിവന്‍ രക്ഷപ്പെട്ടത്.
വീട്ടുപറമ്പില്‍ കാട്ടാന നിലയുറപ്പിച്ചിട്ടുണ്ടെന്ന ഭാര്യയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശിവന്‍ വിവരമറിയാന്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് സമീപ വാസികളായ രണ്ട് പേരെയും കൂട്ടി ഒച്ചവെച്ചും പടക്കം പൊട്ടിച്ചും ആനയെ വനത്തിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആന പ്രകോപിതനായി പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിമാറിയെങ്കിലും ശിവനെ ആന നിലത്തിട്ട് ചവിട്ടുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരും ചേര്‍ന്നാണ് ശിവനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പെരുമ്പാവൂര്‍ റേഞ്ചിലെ വേങ്ങൂര്‍, വീട്ടിമുളം മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നിസംഗത തുടരുകയാണെന്ന് ആക്ഷേപമുണ്ട്. വ്യാപകമായ കൃഷി നാശത്തിന് പിന്നാലെ ഇപ്പോള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയില്‍ വന്യ മൃഗങ്ങള്‍ ജനവാസമേഖല കൈയടക്കിയിട്ടും സോളാര്‍ വേലികളോ ആനമതിലുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.