തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ കൂടുതല്‍ ശക്തമാകുന്നു. സാധാരണയേക്കാള്‍ മൂന്ന് ദിവസം വൈകിയെത്തിയ മണ്‍സൂണ്‍, ആദ്യ ദിനങ്ങളില്‍ തന്നെ സംസ്ഥാനത്തുടനീളം കനത്ത മഴയാണ് സമ്മാനിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
നാളെയോടെ മഴയുടെ ശക്തി വീണ്ടും വര്‍ധിക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് തുടരും.
അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
പ്രധാന നിര്‍ദേശങ്ങള്‍:
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുത്.
മലയോര മേഖലകളിലും നദീ തീരങ്ങളിലും താമസിക്കുന്നവര്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
അടിയന്തര സാഹചര്യങ്ങളില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.