ട്രംപിന്റെ വിമർശനവും പുടിന്റെ പിന്തുണയും; ലോകനേതാക്കളുടെ വാദങ്ങൾക്കിടയിലും തന്ത്രപരമായ മൗനം പാലിച്ച് ഇന്ത്യ

ട്രംപിന്റെ വിമർശനവും പുടിന്റെ പിന്തുണയും; ലോകനേതാക്കളുടെ വാദങ്ങൾക്കിടയിലും തന്ത്രപരമായ മൗനം പാലിച്ച് ഇന്ത്യ

ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയത്തിൽ അമേരിക്കയും റഷ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ രണ്ട് വൻശക്തികളുടെയും പരസ്യമായ നിലപാടുകളോട് പ്രതികരിക്കാതെ തന്ത്രപരമായ മൗനം പാലിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനവും പ്രശംസയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ശക്തമായ പിന്തുണയും ഒരേസമയം ചർച്ചയായതോടെയാണ് വിദേശകാര്യ മന്ത്രാലയം നയതന്ത്രപരമായ അകലം പാലിക്കുന്നത്.‌

മുൻകാലങ്ങളിൽ ഉയർന്ന നികുതികൾ ചുമത്തി ഇന്ത്യ യുഎസിനെ വാണിജ്യപരമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് ട്രംപ് തുറന്നടിച്ചു. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ വളരെ നല്ലൊരു സുഹൃത്താണെന്നും തങ്ങളുടേത് മികച്ച ബന്ധമാണെന്നും ഊന്നിപ്പറഞ്ഞു. ഈ വ്യക്തി ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും ചരിത്രപരമായ വ്യാപാരക്കരാറിലേക്ക് അടുക്കുകയാണെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

റഷ്യയുമായുള്ള സാമ്പത്തിക-ഊർജ ബന്ധങ്ങളിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെട്ടതായി പുടിൻ പരിഹസിച്ചു. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തെ പ്രശംസിച്ച അദേഹം ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഉടൻ 100 ബില്യൺ ഡോളർ പിന്നിടുമെന്നും പുടിൻ പറഞ്ഞു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി അമേരിക്ക നൽകിയ താൽക്കാലിക ഇളവ് ജൂൺ 17-ഓടെ അവസാനിക്കാനിരിക്കെയാണ് ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യ ചേരിയോടൊപ്പം പ്രതിരോധ-സാങ്കേതിക പങ്കാളിത്തം തുടരുമ്പോഴും റഷ്യയുമായുള്ള പഴയ സൗഹൃദം നിലനിർത്തുന്ന ഇന്ത്യയുടെ മൾട്ടി-അലൈൻമെന്റ് നയത്തിന്റെ വിജയമായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

വൻശക്തികളുടെ മത്സരത്തിനിടയിലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയുടെ നയതന്ത്രത്തിന് സാധിക്കുന്നുവെന്ന് സംഭവങ്ങൾ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.