കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു: അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു: അഞ്ച്  ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പത്തനംതിട്ട ജില്ലയിലും കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഇന്ന് തിരുവനന്തപുരം മുതല്‍ കോട്ടയം വരെയും ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ടാണ്. എറണാകുളം ജില്ലയിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.