ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; രണ്ട് വിദേശികളടക്കം 795 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; രണ്ട് വിദേശികളടക്കം 795 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തതായും 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഇന്റലിജന്‍സ് ടീമിനെയും നിയോഗിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാല്‍ പൊലീസിനെയോ ബന്ധപ്പെട്ടവരെയോ ഉടനടി വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്ന ആളുകളുടെ വിശദാംശം രഹസ്യമായി സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാനുള്ള നമ്പര്‍- 9497979794, 9497927797. 9995966666 നമ്പറില്‍ വാട്സാപ്പ് വഴിയും അറിയിക്കാം.

ഓപ്പറേഷന്‍ തൂഫാന്റെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കര്‍ശന നടപടികളാണ് തുടരുന്നതെന്ന് ചെന്നിത്തല അറിയിച്ചു. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെ ഇതിനകം പിടികൂടാനായി.

പന്തളം പൊലീസ് ഒരു നൈജീരിയന്‍ പൗരനേയും പെരിനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വിദേശ വനിതയേയും പിടികൂടി. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനില്‍ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പന്നങ്ങളുടെ വിപണനം അവസാനിപ്പിക്കണം. ഇതൊരു മുന്നറിയിപ്പാണെന്നും വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റിയാണ് മയക്കുമരുന്ന് ശൃംഖല വളരുന്നതെന്നും അദേഹം ഓര്‍മിപ്പിച്ചു.

84 പോലീസ് ഡിവിഷനുകളില്‍ 16 അംഗങ്ങളുള്ള നാല് ടീമുകള്‍ രൂപീകരിച്ചു. ഇവര്‍ പകലും രാത്രിയിലുമായി ലഹരി മരുന്നുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്.

നടന്‍ ഉണ്ണി മുകുന്ദനടക്കമുള്ള സെലിബ്രിറ്റികളും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ ടീമും പോലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹിക പ്രവര്‍ത്തകരും മത-സാമുദായിക സംഘടനകളും പിന്തുണച്ച് രംഗത്തുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.