ബെയ്‌റൂട്ട്: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ രൂപീകരിച്ച പുതിയ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമവും സമഗ്രവുമായ സമാധാനത്തിനുള്ള അവസാന അവസരമാണെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. വാഷിങ്ടണില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം പ്രഖ്യാപിക്കപ്പെട്ടത്.
ഈ കരാര്‍ പരാജയപ്പെടുകയാണെങ്കില്‍ മേഖലയിലെ സംഘര്‍ഷം നിയന്ത്രണാതീതമായി വഷളാകുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട കക്ഷികള്‍ തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും അദേഹം വ്യക്തമാക്കി. നിലവില്‍ രാജ്യം അതീവ സങ്കീര്‍ണവും നിര്‍ണായകവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
പുതിയ കരാര്‍ നടപ്പിലാകുന്നതോടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായിരിക്കും ഇതിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമെന്ന് ജോസഫ് ഔണ്‍ അറിയിച്ചു. കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും ഔദ്യോഗിക അനുമതിയും സുരക്ഷാ ഉറപ്പുകളും ലഭിച്ച് കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ കരാര്‍ നിലവില്‍ വരുമെന്നാണ് ലെബനന്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ലെബനന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ പിന്മാറില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.