കൊച്ചി: എറണാകുളം സൗത്ത് കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാര്‍ ജീപ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ശനിയാഴ്ച വൈകുന്നേരം ദേശീയപാതയില്‍ സൗത്ത് കളമശേരി പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്ന ഉടന്‍ യാത്രികര്‍ സമയോചിതമായി പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കോഴിക്കോട് നിന്നും കൊച്ചി ഭാഗത്തേക്ക് വരികയായിരുന്ന അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കളമശേരിയില്‍ എത്തിയപ്പോള്‍ ബോണറ്റിനടിയില്‍ നിന്നും പുക ഉയരുന്നത് വാഹനം ഓടിച്ചിരുന്ന പ്രശാന്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അപകടം മണത്ത അദേഹം ഉടനടി വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. സെക്കന്‍ഡുകള്‍ക്കകം തന്നെ കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയാവുകയായിരുന്നു.
വിവരമറിഞ്ഞ് തൃക്കാക്കരയില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും വാഹനം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. എഞ്ചിന്‍ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും പ്രാഥമിക വിലയിരുത്തല്‍.
ദേശീയ പാതയില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ദീര്‍ഘനേരം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് കളമശേരി പൊലീസും ട്രാഫിക് പൊലീസും സംയുക്തമായി ഇടപെട്ടാണ് ഹൈവേയിലെ വാഹന ഗതാഗതം പുനസ്ഥാപിച്ചത്.