വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ വലിയൊരു ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. വരുന്ന അര നൂറ്റാണ്ടിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഭീകരമായ ഒരു ഭൂകമ്പം ന്യൂസിലന്‍ഡില്‍ സംഭവിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ന്യൂസിലന്‍ഡിലെ ആല്‍പൈന്‍ ഫോള്‍ട്ട് മേഖലയിലാണ് ഭൂകമ്പ സാധ്യതയുള്ളത്. ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഒഫ് വെല്ലിങ്ടണിലെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസിലന്‍ഡിന്റെ തെക്ക് സൗത്ത് ഐലന്‍ഡില്‍ നിന്ന് 850 കിലോമീറ്റര്‍ നീളത്തിലാണ് ആല്‍പൈന്‍ ഫോള്‍ട്ട് എന്നറിയപ്പെടുന്ന ഭീമന്‍ വിള്ളല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് സതേണ്‍ ആല്‍പ്‌സ് പര്‍വത നിരകളുടെ ഉത്ഭവം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ ഭൂകമ്പങ്ങളുടെ ഫലമായാണ് ആല്‍പൈന്‍ ഫോള്‍ട്ട് രൂപപ്പെട്ടത്. ഇനിയും ഈ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടായേക്കാം.
ഏകദേശം 300 വര്‍ഷം കൂടുമ്പോഴെങ്കിലും വന്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ആല്‍പൈന്‍ ഫോള്‍ട്ടില്‍ 1717 ല്‍ സംഭവിച്ചത് പോലെ റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 8.1 അല്ലെങ്കില്‍ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂകമ്പത്തിന് 82 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം.
ആല്‍പൈന്‍ ഫോള്‍ട്ടിന്റെ 380 കിലോ മീറ്ററോളം വിള്ളലിന് കാരണമായത് 1717 ലെ ഭൂകമ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു ഭൂകമ്പത്തെ നേരിടാന്‍ അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
2009 ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം സൗത്ത് ഐലന്‍ഡില്‍ സംഭവിച്ചിരുന്നു. ആല്‍പൈന്‍ ഫോള്‍ട്ടിന്റെ സമീപ പ്രദേശങ്ങള്‍ക്ക് ഭൂകമ്പ മുന്നറിയിപ്പ് നല്‍കാന്‍ ഭൗമചലനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.