തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം രാജിവെച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായിരുന്ന സഹോദരീ ഭര്‍ത്താവും കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ബെന്നി തോമസാണ് സ്ഥാനം ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമസഭയില്‍ അടക്കം പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും മുന്നണിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര രാജി.
ബെന്നി തോമസിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് വെറുമൊരു ബന്ധു എന്ന പരിഗണനയിലല്ലെന്നും അദേഹം മികച്ചൊരു പൊതുപ്രവര്‍ത്തകനായതുകൊണ്ടാണെന്നുമാണ് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജി സമര്‍പ്പിക്കപ്പെട്ടത്.
കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ബെന്നി തോമസ് ദീര്‍ഘകാലമായി കോണ്‍ഗ്രസ് സംഘടനാ രംഗത്ത് സജീവമാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധു നിയമനങ്ങളെ യുഡിഎഫ് രാഷ്ട്രീയമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സമാനമായ നിയമനം ഉണ്ടായത് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.