ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായാല്‍ ഹോര്‍മുസ് പോലെ സുപ്രധാനമായ ബാബ് അല്‍ മന്ദേബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ഇത് സംഭവിച്ചാല്‍ എണ്ണ, വാതക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണ, വാതക പ്രതിസന്ധി രൂക്ഷമാണ്. പുതിയ സംഘര്‍ഷ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലെ ഈ കുതിച്ചുചാട്ടം വീണ്ടും ആഗോള പണപ്പെരുപ്പ സാധ്യതയും ഉയര്‍ത്തി.
ഹോര്‍മുസ് കടലിടുക്ക് പോലുള്ള ഒരു സുപ്രധാന കടല്‍ പാതയായ ബാബ് അല്‍ മന്ദേബ് കടലിടുക്കിനെക്കുറിച്ച് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവായ അലി വെലായതിയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ബാബ് അല്‍ മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടിയാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. കാരണം യെമന്‍, ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ബാബ് എല്‍ മന്ദേബ് കടലിടുക്ക് യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവ തമ്മിലുള്ള വ്യാപാരത്തിന് നിര്‍ണായകമാണ്.
ബാബ് അല്‍ മന്ദബ് കടലിടുക്കിലെ സമ്മര്‍ദ്ദം ആഗോള വ്യാപാരത്തെയും എണ്ണ വിതരണത്തെയും ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഇത് പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക ഉയര്‍ത്തുന്നു.