വാഷിങ്ടണ്‍: വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്കായുള്ള എച്ച്-1ബി വിസകളുടെ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കുത്തനെ കൂട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യു.എസ് ഫെഡറല്‍ കോടതി റദ്ദാക്കി. ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വിധി.
20 ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
ബോസ്റ്റണിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിന്‍ ആണ് ഫീസ് വര്‍ധനവ് നിയമ വിരുധമാണെന്ന് വിധി പ്രസ്താവിച്ചത്. യു.എസ് കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്രയും വലിയ തുക ഫീസായി ഈടാക്കാന്‍ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ല. യു.എസ് ഭരണഘടന അനുസരിച്ച് നികുതി ചുമത്താനുള്ള അധികാരം കോണ്‍ഗ്രസിനാണ്, പ്രസിഡന്റിനല്ല. ഈ ഫീസ് വര്‍ധനവ് യഥാര്‍ത്ഥത്തില്‍ ഒരു നികുതി പോലെയാണെന്നും അത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് അപ്പുറമാണെന്നും കോടതി നിരീക്ഷിച്ചു.
വിസ ഫീസിലെ ഈ അമിത വര്‍ധനവ് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന പൊതുമേഖലകളെയും ഗവേഷണ രംഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യോഗ്യരായ വിദേശ ജീവനക്കാരെ നിയമിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് അസാധ്യമാക്കുന്ന രീതിയിലാണ് ഫീസ് ഘടനയെന്നും കോടതി കണ്ടെത്തി.
ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം
അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ താല്‍കാലികമായി നിയമിക്കാന്‍ അനുവാദം നല്‍കുന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം യു.എസ് അനുവദിക്കുന്ന ആകെ എച്ച്-1ബി വിസകളില്‍ 70 ശതമാനത്തിലധികവും സ്വന്തമാക്കുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. അതുകൊണ്ട് തന്നെ വിസ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കിയത് ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും വലിയ ആശ്വാസമാണ് പകരുന്നത്. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്കുള്ള അവസരങ്ങള്‍ പഴയത് പോലെ തുടരാന്‍ ഈ വിധി സഹായകരമാകും.