ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ പശ്ചമിമേഷ്യയില്‍ സമ്പൂര്‍ണ യുദ്ധ സാഹചര്യം. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയിലെ യു.എസ് സഖ്യ രാജ്യങ്ങള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ച് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വന്‍ തിരിച്ചടി തുടങ്ങി.
യു.എസ് വ്യോമസേനയുടെയും നാവികസേനയുടെയും അത്യാധുനിക യുദ്ധ വിമാനങ്ങള്‍ സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നയിക്കുന്നത്.
തെക്കന്‍ ഇറാനിലെ അതിര്‍ത്തി നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, തന്ത്രപ്രധാനമായ ഖേഷം ദ്വീപ് എന്നിവയ്ക്ക് സമീപമാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കനത്ത ബോംബിങ് നടത്തിയത്. ഇറാന്റെ പ്രധാനപ്പെട്ട വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാര്‍ സൈറ്റുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു യു.എസ് നീക്കം. തങ്ങളുടെ ഹെലികോപ്റ്റര്‍ തകര്‍ത്തതിന് മറുപടിയാണ് നല്‍കുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പരിക്കുകളില്ലാതെ രക്ഷപെട്ട രണ്ട് യു.എസ് പൈലറ്റുമാരെ അത്യാധുനിക സീ ഡ്രോണ്‍ വഴി നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
പ്രതികാര നടപടിയായി ഒരേസമയം മൂന്ന് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. തങ്ങള്‍ക്കെതിരെയുള്ള ഒരു ഭീഷണിയും വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ചാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് യുഎസ്-സഖ്യകക്ഷി സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണ പരമ്പരകള്‍ ആരംഭിച്ചത്.
യു.എസ് നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാം കപ്പല്‍പ്പടയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബഹ്‌റിനിലുടനീളം മിസൈല്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇവിടുത്തെ യു.എസ് നാവിക താവളത്തെ ലക്ഷ്യമിട്ട് തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. യു.എസ് സൈനികര്‍ വന്‍തോതില്‍ തമ്പടിച്ചിരിക്കുന്ന കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ അയച്ചതായും പ്രാദേശിക വിവരങ്ങള്‍ ഉണ്ട്. ഇതോടെ ശത്രുവിന്റെ വ്യോമ ലക്ഷ്യങ്ങളെ വായുവില്‍ വെച്ച് തകര്‍ക്കാന്‍ കുവൈറ്റ് സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി.
കൂടാതെ യു.എസ് യുദ്ധ വിമാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിന് നേരെയും മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ അവകാശപ്പെട്ടു.
യുദ്ധം കടുത്തതോടെ ഇറാന്‍ തങ്ങളുടെ പടിഞ്ഞാറന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചുപൂട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന സൂചന നല്‍കിക്കൊണ്ട് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഇറാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന് ചുറ്റും യുദ്ധം പടരുന്നത് ആഗോള എണ്ണ വിപണിയെയും ആഗോള സാമ്പത്തിക രംഗത്തെയും നിശ്ചലമാക്കുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.
അതേസമയം വരും മണിക്കൂറുകളില്‍ കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടായേക്കുമെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.