കാഴ്ചയില്ലാത്ത കണ്ണുകൾ, പക്ഷേ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ നിറം; മാർപാപ്പയ്ക്കൊപ്പമുള്ള അന്റോണിയോയുടെ വിസ്മയ നിമിഷം

കാഴ്ചയില്ലാത്ത കണ്ണുകൾ, പക്ഷേ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ നിറം; മാർപാപ്പയ്ക്കൊപ്പമുള്ള അന്റോണിയോയുടെ വിസ്മയ നിമിഷം

മാഡ്രിഡ്: മാഡ്രിഡിൽ നടന്ന മാർപാപ്പയുടെ സന്ദർശനത്തിനിടയിൽ ലോകത്തിന്റെ കണ്ണുനനയിച്ച ഒരു അപൂർവ്വ ദൃശ്യമായിരുന്നു അഞ്ചു വയസുകാരൻ അന്റോണിയോയുടെയും പാപ്പയുടെയും കൂടിക്കാഴ്ച. ജന്മനാ കാഴ്ചയില്ലാത്ത, ഡൗൺ സിൻഡ്രോം ബാധിതനായ ഈ കുഞ്ഞ് മാർപാപ്പയുടെ സാമീപ്യത്തിൽ തെല്ലും ഭയമില്ലാതെ അദേഹത്തിന്റെ കൈകളിലേക്ക് ചാഞ്ഞിറങ്ങിയതും സ്നേഹത്തോടെ ചുംബിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണയായി അപരിചിതരോട് അകലം പാലിക്കുന്ന അന്റോണിയോ മാർപാപ്പയുടെ സ്നേഹനിർഭരമായ സാന്നിധ്യത്തിൽ സുരക്ഷിതത്വം കണ്ടെത്തുകയായിരുന്നു. "അന്റോണിയോ ഒരിക്കലും ഇത്ര വേഗത്തിൽ ആരുമായും അടുക്കാറില്ല, എന്നാൽ പാപ്പയുടെ സ്നേഹവും സുരക്ഷിതത്വവും അവന് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു," എന്ന് കുട്ടിയുടെ അമ്മ എലോയിസ വികാരാധീനയായി പറഞ്ഞു.

തീവ്രമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അന്റോണിയോ ഇന്ന് അഞ്ചാം വയസിലെത്തിയത്. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ വൈകല്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് മാതാപിതാക്കൾ അവനെ ചേർത്തുപിടിച്ചു. കോവിഡ് കാലഘട്ടത്തിലെ ക്ലേശങ്ങൾക്കും തുടർച്ചയായ ശസ്ത്രക്രിയകൾക്കും ഇടയിലും മകൻ കാണിച്ച അതിജീവനത്തിന്റെ പാതയിൽ അവർ കരുതലായി നിന്നു.

'കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഈശ്വരൻ എപ്പോഴും കൂടെയുണ്ടാകും' എന്ന് മാർപാപ്പ ഈ കുടുംബത്തിന് ഉറപ്പു നൽകി. ഭിന്നശേഷിക്കാരായ കുട്ടികളെ ലോകം മാർപാപ്പയുടെ കരുണാർദ്രമായ ആ കാഴ്ചപ്പാടോടെ നോക്കിക്കാണണമെന്നും അവരുടെ ജീവിതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും അമ്മ എലോയിസ ലോകത്തോട് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തിന് ഭാഷയോ കാഴ്ചയോ ആവശ്യമില്ലെന്ന് അടിവരയിടുന്നതായിരുന്നു അന്റോണിയോയുടെയും മാർപാപ്പയുടെയും ഈ വൈകാരിക നിമിഷങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.