ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി പോയ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ വാഹനവ്യൂഹം ഇസ്രയേൽ-ഹിസ്ബുള്ള വെടിവെപ്പിൽപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ വാഹനവ്യൂഹം അടിയന്തരമായി വഴിതിരിച്ചുവിട്ടു.
ലെബനനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് പൗലോ ബോർജിയയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭാ സംഘടനയായ 'കാരിത്താസ്' ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ചേർന്നാണ് ദുരിതാശ്വാസ ദൗത്യം സംഘടിപ്പിച്ചത്. 45 ട്രക്കുകളും മറ്റ് വാഹനങ്ങളുമടങ്ങുന്ന സംഘം ജൂൺ 11 വ്യാഴാഴ്ച പുലർച്ചെ ബെയ്റൂട്ടിൽ നിന്ന് ദക്ഷിണ ലെബനനിലെ ദെബെൽ, ഐൻ എബെൽ, ആർമേയ്ഷ് എന്നീ ഗ്രാമങ്ങൾ ലക്ഷ്യമാക്കി യാത്ര തിരിച്ചതായിരുന്നു. എന്നാൽ ടൈർ നഗരത്തിന് തെക്കുള്ള ദെബെൽ ഗ്രാമത്തിന് സമീപമെത്തിയപ്പോൾ ഇരുവിഭാഗവും തമ്മിൽ അതിരൂക്ഷമായ ആയുധപ്പോരാട്ടം ആരംഭിക്കുകയായിരുന്നു.
ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള അവശ്യ വസ്തുക്കളും കർഷകർക്കും കന്നുകാലി വളർത്തുകാർക്കും സഹായകരമായ വസ്തുക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. യുദ്ധത്തെത്തുടർന്ന് കുടിയിറക്കപ്പെട്ട ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിച്ച നാട്ടുകാരും ഈ വാഹനവ്യൂഹത്തെ അനുഗമിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിശ്ചയിച്ച പാതയിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ സംഘത്തിന് വഴിമാറി സഞ്ചരിക്കേണ്ടി വന്നതായി ആർച്ച് ബിഷപ്പ് പൗലോ ബോർജിയ വത്തിക്കാൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
വെടിവെപ്പിന്റെ ശബ്ദങ്ങൾക്കിടയിലും പരിഭ്രാന്തി പരക്കാതെ തികഞ്ഞ ആത്മസംയമനത്തോടെയാണ് സംഘം സാഹചര്യം നേരിട്ടതെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ശാന്തതയോടെ കാര്യങ്ങളെ നേരിടുക മാത്രമാണ് ഏക പോംവഴിയെന്നും അദേഹം കൂട്ടിച്ചേർത്തു. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ദുരിതാശ്വാസ ദൗത്യത്തിൽ പങ്കെടുത്തവർ.